അച്ഛന്റെ അവസാന നിമിഷങ്ങളിൽ ഒരു ആശ്വാസത്തിനായി നീട്ടിയ കൈ പിടിക്കാനാവാതെ പോയതിന്റെ വേദന ഇന്നും തന്നെ വിട്ടുപോകുന്നില്ലെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ്, തന്റെ പിതാവിന്റെ വിയോഗത്തെക്കുറിച്ചുള്ള ഹൃദയഭേദകമായ ഓർമ്മകൾ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചത്.
കർക്കശസ്വഭാവമുള്ള അച്ഛനും താനും തമ്മിൽ എപ്പോഴും ഒരു അകലം നിലനിന്നിരുന്നുവെന്നും, ആ അകലം അവസാന നിമിഷത്തിൽ പോലും മായ്ക്കാൻ കഴിയാതെ പോയതിന്റെ വേദനയാണ് ഇന്നും ഉള്ളിൽ കുത്തിനിൽക്കുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു. ഏകദേശം പതിനേഴു വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അച്ഛന് ഹൃദയാഘാതമുണ്ടായെന്ന വിവരം അദ്ദേഹത്തെ തേടിയെത്തുന്നത്. ഉടൻ തന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹം തിരിച്ചു.
ആശുപത്രിയിലെത്തിയപ്പോൾ കാര്യങ്ങൾ അത്ര ഗുരുതരമാണെന്ന തോന്നൽ ഉണ്ടായിരുന്നില്ലെന്ന് ശ്രീനിവാസൻ ഓർക്കുന്നു. “അച്ഛനും ഞാനും തമ്മിൽ സാധാരണയായി അധികം സംസാരമുണ്ടായിരുന്നില്ല. കണ്ടപ്പോൾ അച്ഛൻ തന്നെയാണ് ‘ഒന്നുമില്ല’ എന്ന് പറഞ്ഞത്. പക്ഷേ ഡോക്ടർ എന്നോട് പറഞ്ഞത് അവസ്ഥ കുറച്ച് സീരിയസ് ആണെന്നാണ്,” അദ്ദേഹം പറഞ്ഞു. നേരത്തെ ചെറിയൊരു ഹൃദയാഘാതം ഉണ്ടായിട്ടും ചികിത്സ പൂർണമാക്കാതെ ആശുപത്രി വിട്ടതാണ് പിന്നീട് വലിയ അപകടത്തിന് കാരണമായതെന്നും അദ്ദേഹം അനുസ്മരിച്ചു.
അച്ഛന്റെ വിയോഗത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങൾ പറയുമ്പോൾ ശ്രീനിവാസന്റെ ശബ്ദം വിറയ്ക്കുകയായിരുന്നു. “അച്ഛൻ കട്ടിലിൽ കിടക്കുകയായിരുന്നു. ഞാൻ തൊട്ടടുത്തുള്ള മറ്റൊരു കട്ടിലിൽ ചാരി നിൽക്കുന്നു. പെട്ടെന്ന് അച്ഛൻ വലിയൊരു നിസ്സഹായതയോടെ എന്റെ ഭാഗത്തേക്ക് കൈ നീട്ടി. ഒരുപക്ഷേ പഴയ ജീവിതവും സംഭവങ്ങളുമൊക്കെ ഓർത്ത്, ഒരു ആശ്വാസം തേടിയിരിക്കാം. പക്ഷേ ആ സമയത്ത് മറ്റുള്ളവർ ചുറ്റുമുണ്ടായിരുന്നതിനാൽ, അത്തരം ഒരു വികാരനിമിഷത്തിൽ ഇടപെടാൻ എനിക്ക് തോന്നിയില്ല. ആരും കാണാത്തപ്പോൾ കൈ പിടിക്കാം എന്നാണ് ഞാൻ കരുതിയത്,” അദ്ദേഹം തുറന്നുപറഞ്ഞു.
എന്നാൽ ആ ചിന്ത ബാക്കിയാക്കി നിമിഷങ്ങൾക്കുള്ളിൽ അച്ഛൻ യാത്രയായി. “ഡോക്ടർ വന്ന് മരണം സ്ഥിരീകരിച്ചപ്പോൾ, ഉള്ളിലൂടെ തീ കടന്നുപോയതുപോലെ തോന്നി. മക്കൾ നന്നാവണമെന്ന് കരുതി അവരെ കർശനമായി വളർത്തിയ, പക്ഷേ സ്നേഹം തുറന്നു കാണിക്കാൻ അറിയാതിരുന്ന ഒരാളായിരുന്നു എന്റെ അച്ഛൻ,” ശ്രീനിവാസൻ പറഞ്ഞു. അച്ഛന്റെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി, പിറ്റേദിവസം തന്നെ വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങേണ്ടി വന്നതും അദ്ദേഹം ഓർത്തെടുത്തു.
അച്ഛന്റെ സ്നേഹം തിരിച്ചറിയാൻ വൈകിപ്പോയ ഒരു മകന്റെ പശ്ചാത്താപം നിറഞ്ഞ ഈ വാക്കുകൾ ഇന്നും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്.