ഹരിവരാസനത്തിന്റെ ദിവ്യസ്വരങ്ങൾ മുഴങ്ങുന്ന പശ്ചാത്തലത്തിൽ പതിനെട്ടാം പടിക്ക് മുന്നിൽ നിന്ന് ഒരു കൊച്ചു ബാലിക അവതരിപ്പിച്ച നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒൻപത് വയസ്സുകാരിയായ അക്ഷര ഷൈനോദ് ആണ് ധർമശാസ്താവിന് മുന്നിൽ ഭക്തിയോടെ നൃത്താർച്ചന നടത്തി അനുഗ്രഹം തേടിയത്.
ഹരിവരാസനത്തിന്റെ താളത്തിനൊത്ത് അതീവ മനോഹരമായി ചുവടുവയ്ക്കുന്ന അക്ഷരയെ വിഡിയോയിൽ കാണാം. മഴവിൽ മനോരമയുടെ വിഡിയോ എഡിറ്റായ ഷൈനോദിന്റെ മകളാണ് അക്ഷര. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അവൾ കഴിഞ്ഞ മൂന്ന് വർഷമായി നൃത്തപരിശീലനം തുടരുകയാണ്.
വിഡിയോ വൈറലായതോടെ അഭിനന്ദനങ്ങളും ആശംസകളും അക്ഷരയെ തേടിയെത്തുകയാണ്. അയ്യപ്പ സന്നിധിയിൽ നൃത്തം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതിലൂടെ അക്ഷര അനുഗ്രഹീതയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നൃത്തം അതീവ ഗംഭീരമാണെന്നും മനസ്സു നിറഞ്ഞുവെന്നും പ്രേക്ഷകർ കുറിക്കുന്നു.
ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് ആലപിച്ച ‘ഹരിവരാസനം’ ശബരിമല ശ്രീ ധർമശാസ്താവിന്റെ ഉറക്കുപാട്ടായി അറിയപ്പെടുന്നു. അത്താഴപൂജയ്ക്ക് ശേഷം ക്ഷേത്രനട അടയ്ക്കുന്നതിന് മുൻപ് മുഴങ്ങിക്കേൾക്കുന്ന ഈ കീർത്തനം സന്നിധാനത്തെ മുഴുവൻ ഭക്തിസാന്ദ്രമാക്കി മാറ്റുന്നതാണ്. അത്തരമൊരു പവിത്രമായ സംഗീതത്തിന് മുന്നിൽ അക്ഷര അവതരിപ്പിച്ച നൃത്തം ഹൃദയങ്ങളെ സ്പർശിച്ചിരിക്കുകയാണ്.