സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിംഗ് നടത്തിയ വ്യക്തിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ദയ സുജിത്ത്. നടി മഞ്ജു പിള്ളയുടെയും പ്രശസ്ത ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകളായ ദയ, തനിക്കെതിരെയുണ്ടായ അപമാനകരമായ കമന്റിന് മറുപടി നൽകിയ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
‘നിനക്ക് ആണത്തം കൂടുതലാണ്’, ‘ജിമ്മിൽ പോയാൽ നീ പൂർണ്ണമായും ഒരു ആണായി മാറും’ എന്ന തരത്തിലുള്ള കമന്റുകളാണ് ഒരു വ്യക്തി സോഷ്യൽ മീഡിയയിലൂടെ ദയയ്‌ക്കെതിരെ നടത്തിയത്. ഇതിന് മറുപടിയായാണ് ദയയുടെ തുറന്നുപറച്ചിൽ. തന്റെ ആണത്തം ഒരാളെ അരക്ഷിതാവസ്ഥയിലാക്കുന്നുവെങ്കിൽ അതിൽ താൻ ഖേദിക്കുന്നുവെന്നും, തന്റെ വ്യക്തിത്വത്തെ ഉൾക്കൊള്ളാൻ ആവശ്യമായ പൗരുഷം ആ വ്യക്തിക്ക് ഇല്ലാതെയായി പോയതിൽ ദുഃഖമുണ്ടെന്നും ദയ പറയുന്നു.
“ഒരു പയ്യൻ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ജിമ്മിൽ കൂടി പോയാൽ നീ പൂർണ്ണമായും ഒരു ആണായി മാറുമെന്നുമായിരുന്നു അവന്റെ വാക്കുകൾ. എന്റെ ആണത്തം നിന്നിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെങ്കിൽ അതിൽ ഖേദമുണ്ട്. എന്റെ ആണത്തത്തെ സ്വീകരിക്കാൻ കഴിയുന്നത്ര പൗരുഷം നിനക്കില്ലാതെ പോയതിൽ ഞാൻ ഖേദിക്കുന്നു,” എന്നാണ് ദയ വീഡിയോയിൽ വ്യക്തമാക്കുന്നത്.
ദയയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും സംസാരിച്ച ദയയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മുൻപും തനിക്കെതിരെ നടത്തിയ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ദയ സോഷ്യൽ മീഡിയയിലൂടെ തന്നെ മറുപടി നൽകിയിട്ടുണ്ട്.
അതേസമയം, അച്ഛന്റെയും അമ്മയുടെയും വേർപിരിയലിനെ കുറിച്ച് ദയ മുമ്പ് നടത്തിയ തുറന്നുപറച്ചിലും ഏറെ ചർച്ചയായിരുന്നു. “അച്ഛനും അമ്മയും സന്തോഷത്തോടെയാണ് വേർപിരിയുന്നതെന്ന് എന്നോട് പറഞ്ഞപ്പോൾ അവരെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഞാനായിരുന്നു. ഇരുവരും ഹാപ്പിയല്ലെങ്കിൽ പിന്നെ എന്തിനാണ് അവരെ ഒരുമിച്ച് തുടരാൻ നിർബന്ധിക്കുന്നത്?” എന്നായിരുന്നു ദയ അന്ന് പറഞ്ഞത്.
സ്വന്തം ശരീരത്തെയും വ്യക്തിത്വത്തെയും ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്ന ദയയുടെ നിലപാട്, ബോഡി ഷെയ്മിംഗിനെതിരായ ശക്തമായ സന്ദേശമായാണ് പലരും കാണുന്നത്.