മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ദീർഘകാലമായി സജീവ സാന്നിധ്യമായിരിക്കുന്ന നടിയാണ് വീണ നായർ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് വീണയെ കൂടുതൽ മലയാളികൾ അടുത്തറിയാൻ തുടങ്ങിയത്. ആർജെ അമനുമായുള്ള വിവാഹ ജീവിതം അടുത്തിടെ അവസാനിച്ചതിന് പിന്നാലെ, അവരുടെ വേർപിരിയലിന് പിന്നിൽ ബിഗ് ബോസാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിച്ചിരുന്നു. എന്നാൽ ആ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയാണ് വീണ ഇപ്പോൾ.

ബിഗ് ബോസ് ഷോയാണ് തങ്ങളുടെ ബന്ധം തകർന്നതിന് കാരണം എന്ന പ്രചരണം തെറ്റിദ്ധാരണയാണെന്ന് വീണ തുറന്നുപറഞ്ഞു. ഒരാൾ വിവാഹം കഴിക്കുന്നത് പിന്നീട് ഡിവോഴ്സ് ചെയ്യാൻ വേണ്ടിയല്ലെന്നും, ഏറെ സ്നേഹിച്ചും സ്വപ്നം കണ്ടുമാണ് എല്ലാവരും വിവാഹത്തിലേക്ക് കടക്കുന്നതെന്നും വീണ പറയുന്നു. എന്നാൽ ജീവിതത്തിൽ ചില ഘട്ടങ്ങളിൽ പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളും സാഹചര്യങ്ങളും മുന്നോട്ട് വരുമെന്നും, അതാണ് പലപ്പോഴും തീരുമാനങ്ങളെ മാറ്റുന്നതെന്നും അവർ വ്യക്തമാക്കി.

“ഒരു ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തുമ്പോൾ ഒരാൾ എത്രത്തോളം മാനസികമായി തകർന്നിട്ടുണ്ടാകും എന്ന് പലരും ചിന്തിക്കാറില്ല. ഞാൻ ഇന്ന് കരഞ്ഞാൽ പോലും ‘നിന്റെ കരച്ചിൽ ഞങ്ങൾ ബിഗ് ബോസിൽ കണ്ടതാണ്’ എന്ന് പറയുന്നവരുണ്ട്. പക്ഷേ ഇത്തരം പ്രതികരണങ്ങൾ ഇപ്പോൾ എന്നെ ബാധിക്കുന്നില്ല,” എന്നും വീണ പറഞ്ഞു.

തങ്ങളുടെ വേർപിരിയലിന് കാരണം ബിഗ് ബോസ് ഷോയിലുണ്ടായ ഏതെങ്കിലും പരാമർശങ്ങളല്ലെന്നും, അമന്റെ കുടുംബത്തെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വീണ വ്യക്തമാക്കി. അമന്റെ പിതാവ് നല്ലൊരു മനുഷ്യനും ജെന്റിൽമാനുമാണെന്നും, തങ്ങളുടെ പ്രശ്നങ്ങൾ പൂർണമായും വ്യക്തിപരമാണെന്നും അവർ കൂട്ടിച്ചേർത്തു.

“കണ്ണനോട് എനിക്ക് ഇന്നും വലിയ ഇഷ്ടമുണ്ട്. പക്ഷേ ഭാവിയിൽ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ല എന്ന തിരിച്ചറിവിലേക്കാണ് ഞങ്ങൾ എത്തിയത്. അത്ര മാത്രം,” എന്നാണ് വീണയുടെ വാക്കുകൾ.

കൂടാതെ, വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാടും വീണ പങ്കുവെച്ചു. കൂടുതൽ പ്രായവും പക്വതയും എത്തിയ ശേഷമാണ് വിവാഹം കഴിക്കേണ്ടതെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അവർ പറഞ്ഞു. “ഇപ്പോൾ വിവാഹം നടന്നിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. 30 വയസിന് ശേഷം വിവാഹം കഴിക്കണം എന്ന് ഞാൻ അറിയാവുന്ന എല്ലാവരോടും പറയാറുണ്ട്. ജീവിതത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരാൻ സമയമെടുക്കും. എന്നിരുന്നാലും, ഇപ്പോൾ ഞാൻ സന്തോഷവതിയാണ്,” എന്നും വീണ വ്യക്തമാക്കി.

മോളിവുഡ് മൈക്ക് എന്ന യുട്യൂബ് ചാനലിനോടായിരുന്നു വീണ നായറിന്റെ ഈ തുറന്ന പ്രതികരണം.