വിജയ് നായകനായി എത്തുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദറുടെ സംഗീത സംവിധാനത്തിൽ ഒരുക്കിയ ഈ മനോഹരമായ മെലഡി ഗാനത്തിന് പ്രത്യേകത നൽകുന്നത് വിജയ് തന്നെ നൽകിയ ആലാപനമാണ്. ‘ചെല്ല മകളേ’ എന്ന ഈ ഗാനം റിലീസ് ചെയ്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രണ്ട് ദശലക്ഷത്തിലധികം പേർ ഗാനം കേട്ടുകഴിഞ്ഞു. ലളിതവും ഹൃദയസ്പർശിയുമായ വരികൾ ഒരുക്കിയിരിക്കുന്നത് വിവേകാണ്. ചിത്രത്തിലെ ആദ്യ സിംഗിളായ ‘ദളപതി കച്ചേരിക്കും’, തുടർന്ന് പുറത്തിറങ്ങിയ ‘ഒരു പേരേ വരളാറ്’ എന്നീ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനമായി ‘ചെല്ല മകളേ’ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ 2026 ജനുവരി 9ന് പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തും. വിജയിന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകത കൂടി ഉള്ളതിനാൽ സിനിമയ്ക്ക് ആരാധകരിലും സിനിമാപ്രേമികളിലും വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്.
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി അനൽ അരശും, കലാസംവിധാനം വി. സെൽവകുമാറും കൈകാര്യം ചെയ്യുന്നു. എഡിറ്റിങ് പ്രദീപ് ഇ. രാഘവാണ്. ശേഖർ, സുധൻ എന്നിവർ കൊറിയോഗ്രഫി നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് അറിവാണ് വരികൾ എഴുതിയിരിക്കുന്നത്. പല്ലവി സിങ്ങാണ് കോസ്റ്റിയൂം ഡിസൈൻ. ഗോപി പ്രസന്നയാണ് പബ്ലിസിറ്റി ഡിസൈൻ, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി.ആർ.ഓ പ്രതീഷ് ശേഖർ.