‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ നായരുടെ സിനിമാപ്രവേശനം. എന്നാല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന സിനിമയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ‘കോക്ക്ടെയില്‍’, ‘തട്ടത്തിന്‍ മറയത്ത്’, ‘റണ്‍ ബേബി റണ്‍’, ‘മെമ്മറീസ്’ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ ഭാഗമാകാന്‍ അപര്‍ണയ്ക്ക് സാധിച്ചു. മലയാള സിനിമയില്‍ മികച്ചൊരു സ്ഥാനമുണ്ടാക്കിയ ശേഷമാണ് താരം അപ്രതീക്ഷിതമായി സിനിമയില്‍ നിന്ന് മാറിനിന്നത്.
ഈ ഇടവേളയെക്കുറിച്ച് സംസാരിക്കുമ്പോള്‍, 2015ന് ശേഷമാണ് താന്‍ സ്വമേധയാ ഒരു ബ്രേക്ക് എടുത്തതെന്ന് അപര്‍ണ പറയുന്നു. ആ സമയത്ത് ബെംഗളൂരുവിലേക്ക് താമസം മാറ്റിയതോടെയാണ് സിനിമകളില്‍ നിന്ന് അകന്നത്. പിന്നീട് സിനിമ ചെയ്യാത്തതെന്ത്, അവസരങ്ങളില്ലേ, ഫീല്‍ഡില്‍ നിന്ന് ഔട്ടായോ എന്നിങ്ങനെ നിരവധി സംശയങ്ങളോടെ ആളുകള്‍ മെസേജുകള്‍ അയച്ചിരുന്നുവെന്നും, അതിന് ‘അതെ’ എന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും നടി പറയുന്നു. സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എല്ലാവരോടും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അന്നത്തെ നിലപാട്.
ജീവിതത്തിലെ യഥാര്‍ഥ സത്യം തനിക്കറിയാമായിരുന്നുവെന്നും, സ്വന്തം സന്തോഷമാണ് ഏറ്റവും പ്രധാനം എന്നും അപര്‍ണ തുറന്നുപറയുന്നു. മറ്റുള്ളവര്‍ കാണുന്ന രീതിയിലല്ല താന്‍ വിജയത്തെ വിലയിരുത്തുന്നതെന്നും, ഇഷ്ടമുള്ള ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതും അതിലൂടെ ലഭിക്കുന്ന തൃപ്തിയുമാണ് തന്റെ വിജയം എന്നും നടി പറയുന്നു. സ്വന്തം സ്‌പേസില്‍ താന്‍ സന്തോഷത്തോടെയും വിജയത്തോടെയും ജീവിക്കുന്നുണ്ടെന്നാണ് അപര്‍ണയുടെ വാക്കുകള്‍.
സിനിമയില്‍ നിന്ന് വിട്ടുനിന്നതിന് പിന്നിലെ യഥാര്‍ഥ കാരണം വിശദീകരിക്കുമ്പോള്‍, ‘കോക്ക്ടെയില്‍’ന് ശേഷമാണ് അഭിനയത്തെ യഥാര്‍ഥത്തില്‍ ആസ്വദിക്കാന്‍ തുടങ്ങിയതെന്ന് നടി പറയുന്നു. തുടര്‍ന്ന് ലഭിച്ച പല ചിത്രങ്ങളും വ്യത്യസ്ത സ്വഭാവമുള്ളവയായിരുന്നു. 2014–15 കാലഘട്ടത്തിലാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. ‘കല്‍ക്കി’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ആക്ടീവായി അഭിനയിക്കാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, ആ സിനിമയ്ക്ക് ശേഷം ചെറിയൊരു ഓട്ടോഇമ്യൂണല്‍ പ്രശ്‌നം നേരിടേണ്ടിവന്നുവെന്നും അതാണ് വീണ്ടും ഇടവേളയ്ക്ക് കാരണമായതെന്നും അപര്‍ണ വ്യക്തമാക്കി.
അതിനുശേഷം സ്റ്റൈലിംഗ് രംഗത്തേക്ക് കടന്ന അപര്‍ണ, ഏകദേശം അഞ്ച് വര്‍ഷം ഒരു കോര്‍പറേറ്റ് സ്റ്റൈലിസ്റ്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദൈവകൃപയാല്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിവരികയാണെന്നും, ഈ വര്‍ഷം മുതല്‍ അഭിനയത്തില്‍ സജീവമാകുമെന്നും ഷിബ്ല ഫറയുടെ ഷോയില്‍ സംസാരിക്കവെ അപര്‍ണ നായര്‍ വ്യക്തമാക്കി.