സിനിമാ ലോകത്ത് അനവധി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ. ഓരോരുത്തരോടും വ്യത്യസ്തമായ അടുപ്പവും ആത്മാർത്ഥതയും പുലർത്താൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അത്തരം ബന്ധങ്ങളിൽ ചിലത് മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് പരിചിതമായിരുന്നെങ്കിലും, സിനിമയുടെ അതിർവരമ്പുകൾക്കപ്പുറവും പദവിയോ വലിപ്പമോ നോക്കാതെ മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കുകയും അതിനെ സ്‌നേഹത്തോടെ നിലനിർത്തുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹം.

ഇപ്പോൾ, ശ്രീനിവാസന്റെ ഡ്രൈവറായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഷിനോജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തുറന്നു പറയണമെന്ന് ശ്രീനിവാസൻ എപ്പോഴും പറഞ്ഞിരുന്നുവെന്നും, എന്നാൽ ഒരിക്കലും ആവശ്യങ്ങൾ ചോദിക്കാത്ത തന്റെ സ്വഭാവം അദ്ദേഹത്തിന് അറിയാമായിരുന്നതിനാലാകാം, തന്റെ സാഹചര്യങ്ങൾ മനസിലാക്കി മക്കളോട് പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീടുവച്ച് നൽകിയതെന്നും ഷിനോജ് കുറിക്കുന്നു. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനമായാണ് അതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഷിനോജിന്റെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഷിനോജിന്റെ കുറിപ്പിൽ അദ്ദേഹം ശ്രീനിവാസനോടൊപ്പം ചെലവിട്ട യാത്രകളെയും സ്മരണകളെയും ഏറെ സ്നേഹത്തോടെ ഓർക്കുന്നു. ഒരു ഡ്രൈവറെന്ന നിലയിൽ അല്ല, സ്വന്തം മക്കളിൽ ഒരാളായി തന്നെയാണ് ശ്രീനിവാസൻ തന്നെ കണ്ടതെന്നും, ഒരു നോട്ടത്തിലൂടെയോ വാക്കുകളിലൂടെയോ ഒരിക്കലും തന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. “ജീവിതത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളൊന്നുമില്ല” എന്ന ശ്രീനിവാസന്റെ വാക്കുകൾ ഇന്നും മനസ്സിൽ മുഴങ്ങുന്നുവെന്നും ഷിനോജ് എഴുതുന്നു.

അതോടൊപ്പം, ശ്രീനിവാസനെ പൊന്നുപോലെ പരിചരിച്ച വിമല ടീച്ചറെയും ഷിനോജ് സ്നേഹത്തോടെ ഓർക്കുന്നു. ശ്രീനിവാസൻ തന്നെയായിരുന്നു വിമല ടീച്ചറുടെ ലോകമെന്ന് പറയുന്ന ഷിനോജ്, എവിടെയായാലും ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ തന്നെ വിളിക്കാൻ മറക്കരുതേ എന്നും ഹൃദയം നിറഞ്ഞ നന്ദിയോടെ കുറിപ്പ് അവസാനിപ്പിക്കുന്നു.