സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ സദസിലിരുന്ന ഒരാൾ നടത്തിയ അപമര്യാദയ്ക്ക് ശക്തമായ മറുപടി നൽകി യുവ ഗായിക. ഹരിയാനവി ഗായികയായ പ്രഞ്ജൽ ദഹിയയ്‌ക്ക് നേരെയാണ് മധ്യവയസ്കന്റെ അശ്ലീല പെരുമാറ്റം ഉണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ പ്രഞ്ജൽ പാട്ട് നിർത്തി, സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ അയാളെ തുറന്നടിക്കുകയായിരുന്നു.

‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ. അതുകൊണ്ട് മാന്യമായി പെരുമാറണം’ എന്നായിരുന്നു ഗായികയുടെ വാക്കുകൾ. യുവതിയുടെ പ്രതികരണം സദസിലെ നിരവധി പേരിൽ നിന്ന് കൈയ്യടി നേടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഒരു മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിലിരുന്ന മധ്യവയസ്കൻ ഗായികയ്‌ക്ക് നേരെ അശ്ലീല ചേഷ്ടകൾ കാണിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രഞ്ജൽ ഉടൻ തന്നെ പ്രകടനം നിർത്തി പ്രതികരിച്ചു.

തുടർന്ന്, ചിലർ വേദിയിലേക്ക് കയറാൻ ശ്രമിച്ചതോടെ, സ്റ്റേജിലേക്കു വരരുതെന്ന് ഗായിക ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. ശാന്തത പാലിക്കണമെന്നും പരിപാടി തടസപ്പെടുത്തരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

View this post on Instagram

A post shared by ज़िन्दगी गुलज़ार है ! (@zindagi.gulzar.h)

52 ഗജ് കാ ദമൻ’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് പ്രഞ്ജൽ ദഹിയ. അപമര്യാദയ്‌ക്കെതിരെ ധൈര്യത്തോടെ പ്രതികരിച്ച പ്രഞ്ജലിന്റെ നിലപാടിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി പേർ ഗായികയുടെ ധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തി.