മകളുടെ ജീവിതത്തിലെ പ്രത്യേക നിമിഷം ആരാധകരുമായി പങ്കുവച്ച് നടി മേനക സുരേഷ്. രേവതിയുടെ ചെണ്ട അരങ്ങേറ്റത്തിന്റെ വിഡിയോയാണ് മേനക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിലൂടെയാണ് രേവതി ചെണ്ടകലയിൽ തന്റെ ആദ്യ ഔദ്യോഗിക വേദി കയറിയത്.

നൃത്തരംഗത്ത് നേരത്തേ തന്നെ സജീവമായിരുന്ന രേവതി, കലാപാരമ്പര്യത്തിലേക്കുള്ള തന്റെ മറ്റൊരു ചുവടുവയ്പ്പായാണ് ചെണ്ട അരങ്ങേറ്റം നടത്തിയത്. “എന്റെ മകൾ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ” എന്ന കുറിപ്പോടെയാണ് മേനക വിഡിയോ പങ്കുവച്ചത്. സിനിമാരംഗത്തെ നിരവധി പ്രമുഖർ, സംവിധായകൻ തരുൺ മൂർത്തി ഉൾപ്പെടെ, രേവതിക്ക് ആശംസകൾ അറിയിച്ചു.

നിർമാതാവ്, വിഷ്വൽ എഫക്ട്സ് ആർട്ടിസ്റ്റ്, ക്ലാസിക്കൽ ഡാൻസർ എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള രേവതി, ക്യാമറയ്ക്ക് മുന്നിൽ തിളങ്ങുന്ന സഹോദരി കീർത്തി സുരേഷിനൊപ്പം, ക്യാമറയ്ക്ക് പിന്നിലും ശ്രദ്ധേയ സാന്നിധ്യമാണ്. സംവിധായകൻ പ്രിയദർശന്റെ സഹായി ആയി നീണ്ട കാലം പ്രവർത്തിച്ചിട്ടുള്ള രേവതി, ‘താങ്ക് യൂ’ എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാന രംഗത്തേക്കും കടന്നു.

View this post on Instagram

A post shared by Menaka Suresh (@menaka.suresh)

മലയാള സിനിമയ്ക്ക് പുറമേ ബോളിവുഡിലെയും അണിയറപ്രവർത്തനങ്ങളിൽ രേവതി സജീവമാണ്. മരക്കാർ: അറബിക്കടലിന്റെ സിംഹം, വാശി, ബറോസ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാണ മേഖലയിലും പങ്കാളിയായിരുന്നു. നിലവിൽ കലാമന്ദിർ ഫിലിം അക്കാദമിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും രേവതിയാണ്.