ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞ് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരുക്കേറ്റു. എന്നാൽ, പരുക്കേറ്റ യുവാവിനെ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥനുമായി സംഘം അവിടെ നിന്ന് മടങ്ങിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാക്കളിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ആലപ്പുഴ കൊമ്മാടി കളരിക്കുന്ന രാജേന്ദ്രന്റെ മകൻ അനിൽ (27)നും സുഹൃത്ത് രാജൻ (27)നും ആണ് അപകടത്തിൽപ്പെട്ടത്. മൂക്കിലും കാലിലും ഗുരുതരമായി പരുക്കേറ്റ അനിലിനെ സുഹൃത്ത് ബൈക്കിൽ കെട്ടിവച്ചാണ് ഏകദേശം 22 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ചെട്ടികാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.
അവിടെ നിന്നു ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കണ്ണമാലിക്ക് സമീപമുള്ള ചെല്ലാനം തീരദേശ റോഡിൽ അപകടം നടന്നത്. അതേസമയം, പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.