‘കാണാന്‍ കൊള്ളില്ല’ എന്ന പരിഹാസവാക്കുകളില്‍ നിന്ന് തമിഴ് സിനിമയുടെ കിരീടം വരെ എത്തിയ ദളപതി വിജയ്… ഒടുവില്‍ 33 വര്‍ഷത്തെ സിനിമ ജീവിതത്തിന് അദ്ദേഹം തന്നെ തിരശ്ശീല വീഴ്ത്തിയിരിക്കുന്നു.

വിജയത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് വിജയ് അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം നടത്തിയത്. തന്റെ അവസാന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍, അഭിനയ ജീവിതം അവസാനിപ്പിക്കുന്ന കാര്യം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആരാധകര്‍ക്ക് അത് ഒരു ആഘാതമായിരുന്നുവെങ്കിലും, വിജയ് പറഞ്ഞ വാക്കുകള്‍ പലരുടെയും കണ്ണുകള്‍ നനയിച്ചു.
“ഇനി സിനിമയില്‍ അല്ല, നാടിനെ സേവിക്കാനാണ് ഞാന്‍ ഇറങ്ങുന്നത്” — ഇത് മതി ആരാധകരെ വികാരാധീനരാക്കാന്‍.

33 വര്‍ഷത്തെ ഈ സിനിമ യാത്ര ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍, പരിഹാസവും വിമര്‍ശനവും അപമാനവും എല്ലാം താണ്ടിയാണ് വിജയ് ഈ സ്ഥാനത്ത് എത്തിയത് എന്ന് വ്യക്തമാണ്.

തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിന്റെയും ഗായിക ശോഭ ചന്ദ്രശേഖറിന്റെയും ഏക മകനായി ജനിച്ച ജോസഫ് വിജയ് ചന്ദ്രശേഖര്‍ ചെറുപ്പത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തി. 1984ല്‍ ‘വെട്രി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി അരങ്ങേറ്റം. പക്ഷേ ജീവിതം അത്ര എളുപ്പമായിരുന്നില്ല. സഹോദരിയുടെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തെ മൗനത്തിലേക്ക് തള്ളിവിട്ടു.

അഭിനയ മോഹം അത്രമേല്‍ ശക്തമായതിനാല്‍ ലൊയോള കോളേജിലെ പഠനം പോലും ഉപേക്ഷിച്ചു. അച്ഛന്റെ പിന്തുണയോടെ മകനെ നായകനാക്കി മാറ്റാന്‍ ചന്ദ്രശേഖര്‍ തന്നെ സിനിമകള്‍ സംവിധാനം ചെയ്തു. 1992ല്‍ ‘നാളയ തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം… പക്ഷേ സിനിമ പരാജയം. തുടക്കത്തിലെ ചിത്രങ്ങള്‍ ഒന്നും വലിയ നേട്ടമായില്ല.

അന്നാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയർന്നത്.
“അച്ഛന്‍ പണം ചെലവാക്കി മകനെ നടനാക്കുന്നു”,
“ഇവന്റെ മുഖം കാണാന്‍ പണം കൊടുക്കേണ്ട ഗതികേട്” —
ഇത്തരം പരിഹാസങ്ങള്‍ തുറന്നടിയായിരുന്നു.

പക്ഷേ വിജയ് അവിടെ തളർന്നില്ല.

‘പൂവേ ഉണക്കാകെ’ മുതല്‍ ‘ലവ് ടുഡെ’, ‘കാതലിക്ക നേരമില്ലൈ’, ‘നിലാവേ വാ’ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തന്റെ സ്ഥാനം പാകപ്പെടുത്തി. ‘തുള്ളാത മനവും തുള്ളും’ കേരളത്തിലും വിജയ് തരംഗമുണ്ടാക്കി. പിന്നീട് ഖുഷി, പ്രിയമാണവളെ, ബദ്രി, ഗില്ലി, പോക്കിരി, തുപ്പാക്കി, മാസ്റ്റര്‍, ലിയോ, ജനനായകന്‍… ഓരോ സിനിമയും വിജയിയെ പുതിയ ഉയരത്തിലേക്ക് എത്തിച്ചു.

ഒരുകാലത്ത് പരിഹസിച്ചവര്‍ പിന്നീട് കൈയ്യടിച്ച സാക്ഷികളായി.

തമിഴിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നമ്പര്‍ വണ്‍ നടനായി മാറിയപ്പോഴും വിവാദങ്ങള്‍ വിട്ടുമാറിയില്ല. രാഷ്ട്രീയ ആരോപണങ്ങള്‍, സിനിമാ പ്രതിഷേധങ്ങള്‍, തൃഷയും കീര്‍ത്തി സുരേഷും ഉള്‍പ്പെടെയുള്ള പ്രണയ ഗോസിപ്പുകള്‍ — എല്ലാം സ്റ്റാര്‍ഡത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും, ഒന്നും വിജയിയെ വഴിതിരിപ്പിച്ചില്ല.

ഇപ്പോൾ അതേ ദളപതി, സിനിമയുടെ പീഠം ഇറങ്ങി, നേരെ രാഷ്ട്രീയത്തിലേക്ക്.
ആരാധകര്‍ ഇനി ആരാധകരല്ല, അണികളായിരിക്കും.

പരിഹാസങ്ങളില്‍ ആരംഭിച്ച കഥ, ചരിത്രമായി മാറി.
33 വര്‍ഷത്തെ സിനിമ ജീവിതത്തിന് ഗുഡ്‌ബൈ പറഞ്ഞ്, വിജയ് പുതിയ പോരാട്ടത്തിനിറങ്ങുന്നു.