നടൻ ആന്റണി വർഗീസ് പെപ്പെയുടെ ബക്കറ്റ് ലിസ്റ്റിൽ മറ്റൊരു ആഗ്രഹം കൂടി യാഥാർഥ്യമായി. കാതുകുത്തി കമ്മലിടുന്ന നിമിഷങ്ങളുടെ വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. മീശ പിരിച്ച് സ്റ്റൈലിഷ് ലുക്കിൽ കാതുകുത്താൻ എത്തുന്ന പെപ്പെയെ വീഡിയോയിൽ കാണാം.
കാതുകുത്തിയതിന് പിന്നാലെ കുഞ്ഞുകമ്മൽ അണിഞ്ഞ് പുതിയ ലുക്ക് പരീക്ഷിക്കുന്ന താരത്തിന്റെ സ്റ്റൈൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജ്വല്ലറിയിലേക്ക് എത്തുന്നതുമുതൽ കാതുകുത്തൽ പൂർത്തിയാകുന്നതുവരെയുള്ള എല്ലാ രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “ബക്കറ്റ് ലിസ്റ്റ് ചെക്ക്ഡ്” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.
അതേസമയം, പെപ്പെയുടേതായി അടുത്തതായി എത്തുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ‘കാട്ടാളൻ’ ആണ്. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏകദേശം 45 കോടി രൂപയാണ് മുതൽമുടക്ക്.
‘പൊന്നിയൻ സെൽവൻ: ഭാഗം 1’, ‘ബാഹുബലി 2’, ‘ജവാൻ’, ‘ബാഗി 2’, ‘ഓങ് ബാക്ക് 2’ തുടങ്ങിയ വമ്പൻ ചിത്രങ്ങളിൽ ആക്ഷൻ ഒരുക്കിയ ലോകപ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കൊച്ച കെംബഡിയാണ് ‘കാട്ടാളൻ’ന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ആണ്. ശക്തമായ ആക്ഷൻ ത്രില്ലർ ജോണറിലായിരിക്കും ‘കാട്ടാളൻ’ പ്രേക്ഷകരിലേക്കെത്തുക.