മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി ‘തട്ടീം മുട്ടീം’ കണ്ണനായി എത്തി പിന്നീട് നായകപദവിയിലേക്ക് ഉയർന്ന താരമാണ് സിദ്ധാർഥ് പ്രഭു. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്ത് എത്തിയ സിദ്ധാർഥിന് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദമുണ്ട്. ‘ഉപ്പും മുളകും’ പരമ്പരയിലെ സിദ്ദു എന്ന കഥാപാത്രത്തിലൂടെ വീണ്ടും മിനി സ്‌ക്രീനിൽ തിളങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ആരാധകരെ ഞെട്ടിക്കുന്ന ഒരു വിവാദം പുറത്ത് വരുന്നത്.
മദ്യലഹരിയിൽ വാഹനം ഓടിച്ച സിദ്ധാർഥ് വഴിയാത്രക്കാരനെ ഇടിച്ചിട്ടെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ അക്രമാസക്തനായി മാറിയെന്നും തടയാൻ എത്തിയ പോലീസിനോടും താരം കൈയ്യാങ്കളിയിൽ ഏർപ്പെട്ടുവെന്നുമാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രി എംസി റോഡിൽ, നാട്ടകം ഗവ. കോളേജിന് സമീപമാണ് സംഭവം നടന്നതെന്നാണ് വിവരം.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത് മറ്റൊരു വീഡിയോയാണ്. കൈയും കാലും ബന്ധിച്ച ശേഷം ചിലർ സിദ്ധാർഥിനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. “എടാ എനിക്ക് ഒരു കുടുംബം ഉണ്ടെടാ!” എന്ന് ആവർത്തിച്ച് നിലവിളിക്കുന്ന സിദ്ധാർഥിനോട് അന്നവിടെ ഉണ്ടായിരുന്നവർ ഒരു അനുകമ്പയും കാണിച്ചില്ലെന്നതാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചത് തെറ്റാണെന്ന് സമ്മതിച്ചാലും, ബോധം ഇല്ലാത്ത അവസ്ഥയിൽ ഒരാളെ ഇത്തരത്തിൽ അപമാനിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ആരാധകരുടെ വാദം.
“എല്ലാ അഭിനേതാക്കൾക്കും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയില്ല. നിങ്ങൾ വർഷങ്ങൾക്ക് മുമ്പേ അത് നേടിയ ആളാണ്. നിങ്ങൾ ഞങ്ങളുടെ കുടുംബത്തിലെ ഒരാളുപോലെയാണ്. ഈ തെറ്റുകൾക്ക് ശേഷം നല്ലൊരു മനുഷ്യനായി, മികച്ച നടനായി തിരിച്ചുവരുന്നത് കാണാൻ കാത്തിരിക്കുന്നു” എന്ന തരത്തിലുള്ള കമന്റുകളാണ് സിദ്ധാർഥിനെ പിന്തുണച്ച് ആരാധകർ പങ്കുവെക്കുന്നത്.
അതേസമയം, ഈ സംഭവം സിദ്ധാർഥ് പ്രഭുവിന്റെ കരിയറിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ആരാധകർക്കിടയിൽ ശക്തമാണ്. വിവാദങ്ങൾക്കപ്പുറം, സത്യം പുറത്തുവരുമെന്നും താരം വീണ്ടും പഴയ പോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.