കുടുംബത്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ച് പിന്നണി ഗായിക സിതാര കൃഷ്ണകുമാർ. അച്ചമ്മയോടും കുടുംബാംഗങ്ങളോടും കൂടിയുള്ള രസകരമായ ഒരു വിഡിയോയിലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. അച്ചമ്മയെ ഊഞ്ഞാലാട്ടിക്കൊണ്ട് പാട്ടുപാടുന്നതിനിടയിൽ ഉണ്ടായ ചിരിനിമിഷങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.
വിഡിയോയ്ക്ക് സിതാര നൽകിയ അടിക്കുറിപ്പും ആരാധകരെ ചിരിപ്പിച്ചു. “അതെ… എന്റെ ചിരി വളരെ ഉച്ചത്തിലുള്ളതാണ്. അത് ഞാൻ തീരുമാനിച്ചതല്ല, എന്റെ ജീനുകളെയാണ് കുറ്റപ്പെടുത്തേണ്ടത്” എന്നാണ് താരം കുറിച്ചത്. സിതാരയുടെ ഉറക്കെയുള്ള ചിരിക്ക് തന്നെ പ്രത്യേക ആരാധകവൃന്ദമുണ്ടെന്നത് ഈ വിഡിയോ വീണ്ടും തെളിയിക്കുന്നു.
കുടുംബത്തിലെ എല്ലാവരും ഒരുപോലെ പൊട്ടിച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ കണ്ടാൽ, ചിരി സിതാരയ്ക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന് മനസ്സിലാക്കാം. വിഡിയോയിൽ സിതാരയുടെ അമ്മയും അച്ചമ്മയും മറ്റു ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കിടുന്ന കാഴ്ചകളുണ്ട്.
ഫാമിലി, ഹാപ്പിനസ്, ക്രിസ്മസ് എന്നീ ഹാഷ് ടാഗുകളോടെയാണ് വിഡിയോ താരം പങ്കുവച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേർ വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ചിരി ഇമോജികളോടെയും രസകരമായ കമന്റുകളോടെയും ആരാധകർ പ്രതികരിക്കുകയാണ്. “ചിരിച്ചു ചിരിച്ചു കരഞ്ഞു”, “ഇത് ശരിക്കും ചിരിയുടെ പാരമ്പര്യമാണല്ലോ” തുടങ്ങിയ കമന്റുകളാണ് കൂടുതലും.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പിന്നണി ഗായികയാണ് സിതാര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെ സംഗീതരംഗത്തെത്തിയ താരം നിരവധി തവണ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ഗായികയായതോടൊപ്പം ടെലിവിഷൻ പരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് സിതാര.
2017ൽ സിതാര രൂപീകരിച്ച ‘പ്രോജക്ട് മലബാറിക്കസ്’ എന്ന ബാൻഡിനും വലിയ ആരാധകശ്രദ്ധയുണ്ട്. ശാസ്ത്രീയ സംഗീതത്തിനൊപ്പം തന്നെ ഫോക്ക് ഗാനങ്ങൾക്കും ബാൻഡ് പ്രാധാന്യം നൽകുന്നു. ‘ചായപ്പാട്ട്’, ‘പിള്ളേരാണ്’, ‘ഋതു’ തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകരണമാണ് നേടിയത്.